പഞ്ചായത്തിലൂടെ


ടി.വി.പുരം - 2010
                    കൊല്ലവര്‍ഷം 1124-ലാണ് ടി.വി.പുരം ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. കായല്‍ ഉള്‍പ്പെടെ 17.03 .കി.മീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ തെക്കും പടിഞ്ഞാറും വേമ്പനാട്ടുകായലും, കിഴക്ക് വല്യാനപ്പുഴയും കരിയാറും വടക്ക് വൈക്കം മുനിസിപ്പാലിറ്റിയുമാണ്. 19799 വരുന്ന ജനസംഖ്യയില്‍ 9948 പേര്‍ സ്ത്രീകളും, 9851 പേര്‍ പുരുഷന്‍മാരുമാണ്. മൊത്തം ജനതയുടെ സാക്ഷരത 92.5% ആണ്. തീരപ്രദേശമായ ടി.വി.പുരം പഞ്ചായത്തിനെ കായല്‍ത്തീരം, സമതലപ്രദേശം, ആറ്റുതീരം എന്നിങ്ങനെ തിരിക്കാം. തീരത്തോട് അടുക്കുന്തോറും മണ്ണിന് പശിമകൂടി വരുന്നതായി കാണാം. ചെളി, കളിമണ്ണ് എന്നിവ ഈ മണ്‍തരത്തില്‍ കലര്‍ന്നിട്ടുണ്ട്. പഞ്ചായത്തിലെ ഏറ്റവും പ്രധാന വിള നാളികേരമാണ്. നാളികേര ഉത്പാദനത്തില്‍ വളരെ മുന്‍പന്തിയില്‍ നില്‍ക്കുന്ന പഞ്ചായത്താണ് ടി.വി.പുരം. പഞ്ചായത്തിന്റെ മധ്യഭാഗത്തുള്ള പാടശേഖരങ്ങളില്‍ നെല്‍കൃഷി ചെയ്തു വരുന്നു. പഞ്ചായത്തിലെ പ്രധാന ഇടവിള വാഴയാണ്. റബ്ബര്‍, ജാതി, കവുങ്ങ്, പച്ചക്കറികള്‍ എന്നിവയും പഞ്ചായത്തില്‍ കൃഷി ചെയ്യുന്നു. മൂന്നുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന പ്രദേശമാണെങ്കിലും മഴയെ ആശ്രയിച്ചാണ് പഞ്ചായത്തില്‍ കൃഷി നടത്തുന്നത്. ജലസ്രോതസ്സുകളായി 10 കുളങ്ങളും പഞ്ചായത്തിലുണ്ട്, എല്ലാ തോടുകളും കരിയാറിനോടും വേമ്പനാട്ടുകായലിനോടും ബന്ധിച്ചിരിക്കുന്നു. പൊതുവെ ജലസമ്പുഷ്ടമാണെങ്കിലും ശുദ്ധജലവിതരണപദ്ധതിയിലൂടെയാണ് പഞ്ചായത്തിനാവശ്യമായ കുടിവെള്ളം ലഭിക്കുന്നത്. 107 പൊതു കുടിവെള്ള ടാപ്പുകള്‍ പഞ്ചായത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. 41 പൊതുകിണറുകളും ജനങ്ങള്‍ ശുദ്ധജലത്തിനായി ഉപയോഗിക്കുന്നു. 6030 തെരുവുവിളക്കുകള്‍ പഞ്ചായത്തിന്റെ വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. വിദേശയാത്രക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളമാണ്. പഞ്ചായത്തിന് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ കോട്ടയം ആവാഞ്ചിറ റെയില്‍വേ സ്റ്റേഷനാണ്. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. വൈക്കം  ബസ് സ്റ്റാന്റിലാണ് റോഡു ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്നത്. പഞ്ചായത്തിന് തെക്കും പടിഞ്ഞാറും വേമ്പനാട്ടുകായലിനാല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാല്‍ തണ്ണീര്‍മുക്കം, ചേര്‍ത്തല, ആലപ്പുഴ മുതലായ പ്രദേശങ്ങളുമായി സമ്പര്‍ക്കത്തിന് ജലഗതാഗതം പണ്ട് തന്നെ ഉപയോഗപ്പെടുത്തിയിരുന്നു. ഈ ഗ്രാമവുമായി ബന്ധപ്പെട്ട് വേമ്പനാട്ടുകായലിലൂടെ ഒരു ബോട്ട് സര്‍വ്വീസുണ്ട്. വൈക്കമാണ് ജലഗതാഗതത്തിന്റെ കേന്ദ്രം. വൈക്കം ടൌണ്‍ മുതല്‍ ടി.വി.പുരം ക്ഷേത്രം വരെ 5.5 കി.മീറ്റര്‍ വരുന്ന റോഡ് ദശാബ്ദങ്ങള്‍ക്കു മുമ്പു തന്നെ നിര്‍മ്മിക്കപ്പെട്ടു. വൈക്കം-മുത്തേടത്തുകാവ്, വൈക്കം-ചെമ്മനത്തുകര റോഡുകളാണ് പഞ്ചായത്തിലെ മറ്റ് ഗതാഗതമാര്‍ഗ്ഗങ്ങള്‍. മണ്ണത്താനം പാലം, കമ്മടീല്‍ പാലം, കാപേല്‍ പാലം, മറ്റപ്പള്ളി പാലം, പയറാട്ടുപാലം, കോട്ടച്ചിറ പാലം, അപ്പയ്ക്കല്‍ പാലം എന്നിവയും റോഡുഗതാഗതത്തില്‍ പങ്കു വഹിക്കുന്നു. വന്‍കിട വ്യവസായങ്ങള്‍ ഈ പഞ്ചായത്തില്‍ ഇല്ലാ എങ്കിലും പരമ്പരാഗത ചെറുകിടവ്യവസായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പരമ്പരാഗത തൊഴിലുകളായ മല്‍സ്യബന്ധനം, കക്കവ്യവസായം, തഴപ്പായ നിര്‍മ്മാണം എന്നിവയില്‍ ഏര്‍പ്പടുന്നവര്‍ ഈ പഞ്ചായത്തിലുണ്ട്. ടി.വി.പുരം പഞ്ചായത്തിലെ പരമ്പരാഗത കുടില്‍വ്യവസായങ്ങളില്‍ പ്രധാനമാണ് തഴപ്പായ നിര്‍മ്മാണം. ചെറുകിട വ്യവസായ രംഗത്ത് കയര്‍ ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കയര്‍സഹകരണ സംഘങ്ങളും കയര്‍മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. പൊതുവിതരണ മേഖലയില്‍ 10 റേഷന്‍കടകളും 2 മാവേലി സ്റ്റോറുകളും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്തിലെ പ്രധാനവ്യാപാരകേന്ദ്രങ്ങള്‍ ടി.വി.പുരം, ചെമ്മനത്തുകര എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്നു. ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗത്തില്‍പെട്ടവര്‍ വസിക്കുന്ന ഇവിടെ നിരവധി ആരാധനാലയങ്ങള്‍ ഉണ്ട്. കേരളത്തിലെ തന്നെ അപൂര്‍വ്വമായ ശ്രീരാമക്ഷേത്രങ്ങളിലൊന്നായ തൃണയംകൂടം ശ്രീരാമക്ഷേത്രമാണ് മുഖ്യഹൈന്ദവാരാധനാലയം. സരസ്വതീക്ഷേത്രം, മുത്തേടങ്ങ് കാപ്പ് ക്ഷേത്രം, പറക്കാട് ക്ഷേത്രം, മോഴിക്കോട് ക്ഷേത്രം എന്നിവയാണ് മറ്റ് ഹിന്ദു ആരാധനാലയങ്ങള്‍. വൈക്കം സെന്റ് ജോസഫ് ഫെറോനാ പള്ളിയാണ് പ്രധാന പള്ളി. ടി.വി.പുരം സേക്രട്ട് ഹാര്‍ട്ട് പള്ളി, കൊട്ടാരപ്പളളി എന്നിവയാണ് മറ്റ് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍. തൃണയം കൂടം ഉല്‍സവം, മുത്തേടത്ത് കാവ് ഉല്‍സവം എന്നിവ പഞ്ചായത്തിലെ പ്രധാന ഉല്‍സവങ്ങളാണ്. സരസ്വതിക്ഷേത്രത്തിലെ നവരാത്രി ആഘോഷവും വിദ്യാരംഭവും പ്രധാനമാണ്. വൈക്കം പള്ളി പെരുന്നാള്‍, കൊട്ടാരപ്പള്ളി പെരുന്നാള്‍ എന്നിവ ക്രിസ്ത്യന്‍ വിഭാഗത്തിന്റെ ആഘോഷങ്ങളാണ്. കേരളത്തിന്റെ കലാസാംസ്കാരിക രംഗങ്ങളില്‍ ശ്രദ്ധേയരായ പ്രമുഖര്‍ ഈ ഗ്രാമത്തിലുണ്ടായിട്ടുണ്ട്. കേരളത്തിന്റെ ശക്തിയും ചൈതന്യവും കാവ്യാത്മകമായ വരികളിലൂടെ പകര്‍ന്നു തന്നെ മഹാകവി പാലാ നാരയണന്‍ നായര്‍ നാടിന്റെ സാംസ്കാരിക ജീവിതത്തിലെ ഭദ്രദീപമാണ്. മലയാളത്തിലെ ആദ്യ സിനിമയായ ബാലനിലെ നായിക എം.കെ.കമലം ടി.വി.പുരത്താണ് വസിക്കുന്നത്. നാടകകൃത്ത് ഓഞ്ചരി എന്‍.എന്‍.പിള്ള, പത്രപ്രവര്‍ത്തകനും ഗാനരചയിതാവുമായ ടി.വി.പുരം രാജു എന്നിവര്‍ ഇന്നാട്ടുകാരാണ്. പഞ്ചായത്തിലെ കലാ-കായിക സാംസ്കാരിക മേഖലയില്‍ 20-ഓളം ക്ളബുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ആരോഗ്യപരിപാലനരംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. ടി.വി.പുരത്തെ പ്രാഥമികാരോഗ്യകേന്ദ്രത്തെയാണ് ജനങ്ങള്‍ പ്രധാനമായും ആശ്രയിക്കുന്നത്. ചെമ്മനത്തുകര സെന്റ് ജോര്‍ജ്ജ് ഹോസ്പിറ്റല്‍ അലോപ്പതി രംഗത്തെ മറ്റൊരു സ്ഥാപനമാണ്. ഒരു ആയുര്‍വേദ ആശുപത്രിയും, ഹോമിയോ ആശുപത്രിയും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. മൃഗചികില്‍സാരംഗത്ത് ഒരു മൃഗാശുപത്രിയും, .സി.ഡി.പി. സബ് സെന്ററും പഞ്ചായത്തിലുണ്ട്. വിദ്യാഭ്യാസരംഗത്ത് ടി.വി.പുരത്ത് സര്‍ക്കാര്‍ മേഖലയില്‍ ഒരു  ഹൈസ്ക്കൂളും, എല്‍.പി.സ്കൂളും, യു.പി.സ്കൂളുമാണ് ഉള്ളത്. സ്വകാര്യ മേഖലയിലുള്ള സെന്റ്. ജോസഫ് എല്‍.പി.സ്കൂള്‍ നാട്ടിലെ പഴക്കമുള്ള വിദ്യാലയമാണ്. സെന്റ് ലൂയിസ് യു.പി.സ്കൂള്‍ ടി.വി.പുരം, എസ്.എന്‍.എന്‍.പി.സ്കൂള്‍ ചെമ്മനത്തുകര എന്നിവ സ്വകാര്യമേഖലയിലെ മറ്റ് വിദ്യാലയങ്ങളാണ്. മുത്തേടത്ത്കാവ് അമല സ്കൂള്‍ അണ്‍ എയ്ഡഡ് മേഖലയിലെ സ്ഥാപനമാണ്. പളളിപ്രത്തുശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക്, ടി.വി.പുരം ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവ സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. ടി.വി. പുരത്ത് ഒരു ദേശസാല്‍കൃത ബാങ്കും പ്രവര്‍ത്തിക്കുന്നു. ടി.വി.പുരം പഞ്ചായത്തില്‍ ഒരു കമ്മ്യൂണിറ്റിഹാള്‍ നിലവിലുണ്ട്. വൈക്കത്താണ് വൈദ്യുതി ബോര്‍ഡ് ഓഫീസ് സ്ഥിതി ചെയ്യുന്നത്. തപാല്‍ ഓഫീസും, ബി.എസ്.എന്‍.എല്‍ ഓഫീസുമാണ് പഞ്ചായത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍. വൈക്കത്താണ് പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്. ടി.വി.പുരം പഞ്ചായത്തിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ വില്ലേജ് ഓഫീസ്, കൃഷി  ഭവന്‍, മൃഗാശുപത്രി എന്നിവയാണ്. വാട്ടര്‍ അതോറിറ്റി ഓഫീസ് വൈക്കത്ത് സ്ഥിതി ചെയ്യുന്നു. കൃഷി ഭവനും മല്‍സ്യഭവനും പ്രവര്‍ത്തിക്കുന്നത് ടി.വി.പുരത്താണ്. രണ്ട് തപാല്‍ ഓഫീസുകള്‍ പഞ്ചായത്തിലുണ്ട്. ടി.വി.പുരത്താണ് ടെലിഫോണ്‍ എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നത്.  177 കുടുംബശ്രീ യൂണിറ്റുകള്‍ ടി.വി.പുരം പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.