Tuesday, January 25, 2011

തിരുമണിവെങ്കിടപുരം

                 കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ വൈക്കം ബ്ളോക്കില്‍ വൈക്കം വില്ലേജ് ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് ടി.വി.പുരം ഗ്രാമപഞ്ചായത്ത്. കായല്‍ ഉള്‍പ്പെടെ 17.03 ചതുരശ്ര കിലോമീറ്റര്‍ (കരപ്രദേശം 7.86 ചതുരശ്ര കിലോമീറ്റര്‍) വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് വൈക്കം മുനിസിപ്പാലിറ്റിയും കിഴക്ക് തലയാഴം പഞ്ചായത്തും തെക്ക് തലയാഴം പഞ്ചായത്തും, ആലപ്പുഴ ജില്ലയിലെ തണ്ണീര്‍മുക്കം പഞ്ചായത്തും പടിഞ്ഞാറ് ചേന്നം പള്ളിപ്പുറം പഞ്ചായത്തുമാണ്. ഒരു ഉപദ്വീപായ ഈ പഞ്ചായത്തിന് വൈക്കം മുന്‍സിപ്പാലിറ്റിയുമായി മാത്രമേ കരമാര്‍ഗം ബന്ധമുള്ളു. ഭൂമിശാസ്ത്രപരമായ ഈ ഒറ്റപ്പെടല്‍ ശാന്തസുന്ദരമായ ഗ്രാമീണജീവിതത്തിന് നിലമൊരുക്കി. ചെമ്മനത്തുകര, പള്ളിപ്പുറത്തുശ്ശേരി, കണ്ണുകെട്ടിശ്ശേരി, മൂത്തേടത്തുകാവ് എന്നീ 4 കരകള്‍ ചേര്‍ന്നതാണ് തിരുമണി വെങ്കിടപുരത്തിന്റെ സംക്ഷിപ്ത രൂപമായ ടി.വി.പുരം. വൈക്കത്തിന്റെ തെക്കുഭാഗത്തായി കിടക്കുന്ന ഈ നാട്ടിന്‍പുറത്തെ തെക്കുംഭാഗം എന്ന് പഴമക്കാര്‍ ഇപ്പോഴും വിളിച്ചുവരുന്നുണ്ട്. പ്രാചീന തമിഴകത്ത് മണ്ണിനേയും തൊഴിലിനേയും ആധാരമാക്കി ഭൂപ്രദേശത്തെ അഞ്ച് ഭാഗമാക്കിയതില്‍പ്പെട്ടതാണ് ഈ പ്രദേശം. കൃഷി നിലങ്ങളുള്ള സ്ഥലങ്ങള്‍ക്കാണ് മരുതം എന്ന് വിളിച്ചിരുന്നത്. ചേരി (ശേരി), കര, കാവ്, കുടം തുടങ്ങിയവയില്‍ അവസാനിക്കുന്ന സ്ഥലനാമങ്ങളാണ് മരുതത്തില്‍പ്പെട്ടിരുന്നത്. മൂന്നു വശങ്ങളും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന പഞ്ചായത്ത് കോട്ടയം ജില്ലയുടെ തെക്കു പടിഞ്ഞാറെ മൂലയിലാണ് സ്ഥിതിചെയ്യുന്നത്. പഞ്ചായത്തിന്റെ തെക്കു പടിഞ്ഞാറും അതിര്‍ത്തികള്‍ കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടു കായലാണ്. കായല്‍ത്തീരം, സമതലപ്രദേശം, ആറ്റുതീരം എന്നിങ്ങനെ ഭൂപ്രകൃതിയനുസരിച്ച് തിരിക്കാം. തീരപ്രദേശങ്ങളില്‍ അല്പം താഴ്ചയുണ്ട്. ഈ പഞ്ചായത്തില്‍ നിലനില്‍ക്കുന്ന രണ്ട് ഗ്രന്ഥശാലകള്‍ സ്ഥാപിതമാകുന്നത് ഈ കാലഘട്ടത്തിലാണ്. പുരേഗമനാശയങ്ങളുള്‍ക്കൊള്ളുന്ന ജനകീയഗാനങ്ങളുടെ ആവിര്‍ഭാവവും, അവതരണവും ഇക്കാലത്ത് വ്യാപകമായി കാണാം. 25-11-1948-ല്‍ സ്ഥാപിച്ചതും കേരളഗ്രന്ഥശാലാ സംഘത്തില്‍ 489-ാം നമ്പരായി അഫിലിയേറ്റ് ചെയ്തിട്ടുള്ളതും പനമിറ്റത്ത് പി.എന്‍.വേലുപിള്ള വക കൊല്ലത്ത് പുരയിടത്തില്‍ സ്തുത്യര്‍ഹമായ നിലയില്‍ ഒരു പതിറ്റാണ്ടുകാലത്തോളം പ്രവര്‍ത്തിച്ചിരുന്നതുമായ വൈ.എം.എന്‍.എ (യംഗ് മെന്‍സ് നായര്‍ അസോസിയേഷന്‍) ഈ നാടിന്റെ രാഷ്ട്രീയ സാംസ്കാരിക ജീവിതത്തില്‍ ഗണ്യമായ സംഭാവന നല്‍കിയിട്ടുണ്ട്.

No comments:

Post a Comment